2016, ഫെബ്രുവരി 21, ഞായറാഴ്‌ച

ഒരു ഛർദ്ദി


ബസ്സിലെ കണ്ടക്ടറുടെ ഒച്ചത്തിലുള്ള സംസാരം കേട്ടു അവൻ ഞെട്ടിയെണീറ്റു.ഒരു ചെവിയിൽ പാതി വീഴാനായി നിന്നിരുന്ന മ്യൂസിക്‌ പ്ലയെറിന്റെ ഹെഡ്സെറ്റ് ഊരിയെടുത്തു. അപ്പോഴും, കണ്ടക്ടറുടെ ഉച്ചത്തിലുള്ള സംസാരം കേൾക്കാമായിരുന്നു. "എന്താ ചേച്ചീ, ഇങ്ങിനെ ഒക്കെ വരുമ്പോൾ,ഒരു കിറ്റ്‌ കൂടി കരുതണ്ടേ?ചെറിയ കുട്ടിയുമായി വരുമ്പോൾ ഒരു അമ്പത് പൈസ കവർ കൂടി കയ്യിൽ വെക്കണം.ഇന്ന് തിങ്കളാഴ്ചയാണ്. വണ്ടി കഴുകിയതിനു ശേഷമുള്ള ആദ്യ ട്രിപ്പും.ഇനി ഒരാൾ ഈ സീറ്റിൽ ഇരിക്കുമോ ?".
ആ സ്ത്രീയുടെ കൂടെയുള്ള കുട്ടി സീറ്റിൽ ഛർദ്ദിച്ചു.അതാണ്‌ കാര്യം. അവരുടെ മകളാണ് എന്നു തോന്നുന്നു. ആ സ്ത്രീ നിസ്സഹായയായി എല്ലാം കേട്ടു മിണ്ടാതെ നില്ക്കുന്നു.

കയ്യിലുള്ള ടിക്കറ്റ്‌ ബുക്കും പൈസയും ബാഗിലിട്ട്‌, അത് ബാഗ്‌ വെക്കുന്ന സ്ഥലത്തേക്കിട്ടു.ഈർഷ്യത്തോടു കൂടി അയാൾ ഡ്രൈവർ ഇരിക്കുന്നിടത്ത് നിന്നു പഴയ രണ്ടു മൂന്നു ന്യൂസ്‌ പേപ്പർ എടുത്ത് കീറി സീറ്റ് തുടക്കാൻ തുടങ്ങി.അപ്പോഴും അയാൾ എന്തൊക്കെയോ പറയുന്നുണ്ട്. സീറ്റ് തുടച്ചു, ഒരു പേപ്പർ എടുത്ത് അതിനു മുകളിൽ ഇട്ടു. തുടച്ചു കഴിഞ്ഞ സീറ്റിൽ ഒരാളെ ഇരുത്തി അയാൾ ആ അമ്മയോട് പറഞ്ഞു."പോട്ടെ ചേച്ചീ, സാരമില്ല. കുട്ടിയല്ലെ !!". ടിക്കറ്റ്‌ ബുക്കും, ബാഗും കയ്യിലെടുത്ത് പോകും വഴി അയാൾ ആ കുട്ടിയുടെ കവിളിൽ തലോടി.

എന്തോ, എനിക്കൊന്നും മനസ്സിലായില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ