2016, ഫെബ്രുവരി 21, ഞായറാഴ്‌ച

വൈരാഗ്യം

ജനൽ പാളികളിലൂടെ അവൻ പുറത്തേക്കെറിയപ്പെട്ടു. രണ്ടാം നിലയിൽ നിന്ന്,  ഭിത്തിയിലും സണ്‍ഷെയ്ടിലും തട്ടിത്തെറിച്ചു താഴോട്ടു പതിക്കുമ്പോഴും, അവന്റെ ശരീരം എരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. നനഞ്ഞ മണ്ണിൽ പതിച്ചപ്പോഴാണ് കത്തിക്കൊണ്ടിരുന്ന അവന് ഇത്തിരി ആശ്വാസം കിട്ടിയത്. ഇത്തിരി ജീവൻ ബാക്കി വെച്ച് തീ എരിഞ്ഞടങ്ങി. അപ്പോഴാണ് അടുത്ത് കിടന്നിരുന്ന തന്റെ സഹോദരനെ കണ്ടത്. അവസാന നിമിഷങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന അവന്റെ അടുത്തേക്ക് അവൻ  നിരങ്ങി നീങ്ങി.
"വേദനയുണ്ടോ" ? അവൻ ചോദിച്ചു. പാതി കണ്ണു തുറന്നു ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.
"സാരമില്ല. ഇന്നലെ നിന്നെ കത്തിച്ചു അവൻ എടുത്തു വിട്ട ഓരോ പുകയിലും അവന്റെ ജീവൻ തന്നെയല്ലെ നമ്മൾ ഇല്ലാതാകുന്നത്. എനിക്ക് തോന്നുന്നു, ഒന്നു രണ്ടു മാസത്തിനുള്ളിൽ അവന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകും. പക്ഷെ, ഇന്നു ഞാൻ ഉന്നം വെച്ചത് അവൻ എപ്പോഴും കൊണ്ടു നടക്കുന്ന പൊന്നോമനയായ  അവന്റെ മോളെയാണ്. അവളുടെ ഭാവിയും നമ്മളുടെ തലമുറ തകർക്കും. അതോർത്ത്‌ കൊണ്ട് നമുക്ക് നമ്മുടെ വേദന മറക്കാം". അതും പറഞ്ഞു മുകളിലേക്ക് നോക്കി കിടന്ന അവന്റെ മാറിലൂടെ ഒരു വലിയ ചക്ക്രം കയറിയിറങ്ങി. ഒരു ഞെരക്കത്തോടെ അവർ രണ്ടു പേരും നിശ്ശബ്ദരായി. അപ്പോഴും ആ ഉയർന്ന കെട്ടിടത്തിൻറെ പല പല ജനലുകളിലൂടെ കത്തിയെരിഞ്ഞ്‌ പലരും താഴൊട്ട് പതിക്കുന്നുണ്ടായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ