2022, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

നല്ലൊരു മോൻ

അഹമ്മദ്ക്കയും കുഞ്ഞോൻകായും സുഹൃത്തുക്കളാണ്. എപ്പഴും ഒരുമിച്ചാണ് നടപ്പ്. വിശ്രമ ജീവിതം പള്ളിയും അതിന്റെ ചുറ്റുപാടും ആയി സന്തോഷപൂർവം ജീവിക്കുന്നു.

ഒരു ദിവസം മഗ്‌രിബ് കഴിഞ്ഞ് പള്ളിയുടെ തൊട്ടരികിലെ ചായക്കടയിൽ ഇരുന്നു സൊറ പറയുകയായിരുന്നു അവർ ..

അപ്പോളാണ് പള്ളിയിൽ നിന്ന് ജുനൈദ് ഇറങ്ങി വരുന്നത് ...

"ജുനൈദേ, നീ എന്നാ വന്നത് ? ഒത്തിരി നാളായല്ലോ കണ്ടിട്ട് .."

"ആഹ് ഇക്കാ.. ഞാൻ ഇന്നലെ വന്നു.. ഈ നാശം പിടിച്ച കൊറോണ കാരണം കഴിഞ്ഞ കൊല്ലം നാട്ടിൽ വരാൻ പറ്റിയില്ല .. ഇപ്പൊ മാറും ഇപ്പൊ മാറും എന്ന് വിചാരിച്ചു, ഇതിപ്പോ രണ്ടര കൊല്ലമായി നാട്ടിൽ വന്നിട്ട്.. ഇനി വരുന്നിടത്ത് വരട്ടെ എന്ന് കരുതി ഇങ്ങട് പോന്നു .." അവൻ മറുപടി പറഞ്ഞു വീട്ടിലേക്ക് നടന്നു..

"നല്ലൊരു മോനാണ് ജുനൈദ്... എല്ലാ വക്കത്തിനും പള്ളിയിൽ ഉണ്ടാകും .. ഇപ്പത്തെ ഗൾഫ്കാര് നാട്ടിൽ വന്നാൽ, കാണാൻ അടുത്ത വെളളിയാഴ്ച വരെ കാക്കണം ... അപ്പോളാണ് പള്ളീലേക്കൊന്നിറങ്ങുക.. അവരൊക്കെ ഇവനെ കണ്ടു പഠിക്കണം..." അഹമ്മദ്ക്ക പറഞ്ഞു...

"അതെ.." കുഞ്ഞോൻകാ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു..

രണ്ടു നാൾ കഴിഞ്ഞ് സുബ്ഹി നമസ്കാരത്തിന് ശേഷം ഇരുവരും നടക്കാനിറങ്ങിയതാണ്. മുഖത്ത് ഒരു പരിഭവം.. അങ്ങോട്ടുമിങ്ങോട്ടും അധികം സംസാരമില്ല...

ഒരു ദീര്ഘനിശ്വാസം എടുത്ത് കൊണ്ട് അഹ്മദ്ക്ക തുടങ്ങി .. "അറിഞ്ഞോ, മ്മടെ ജുനൈദിന്റെ വീട്ടിലെ എല്ലാർക്കും പനിയാണത്രേ.. കൊറോണ ആണോന്ന് സംശയമുണ്ട്.. ബാപ്പുട്ടിക്കാന്റെ മോൾടെ നിക്കാഹിനു അവന്റെ വാപ്പാനെ കാണാത്തത് കൊണ്ട് അന്വേഷിച്ചപ്പോളാണ് ഇക്കാര്യം ഞാനറിയുന്നത്.."

"ഹ്മ്മ്, ഞാനും അറിഞ്ഞു. ഇവനെന്തിനാണ് വന്ന പാടെ പള്ളീലും മാർക്കറ്റിലും കറങ്ങി നടക്കുന്നത്. ഇപ്പഴത്തെ ചെറുപ്പക്കാർക്ക് ഒരു വീണ്ടുവിചാരവുമില്ല. പ്രായമുള്ളവരൊക്കെ പള്ളിയിലുണ്ടാകും എന്നൊക്കെയുള്ള ഒരു ചിന്തയവുമില്ല. എയർപോർട്ടിൽ നിന്ന് നേരെ ഇങ്ങട് വരും, പള്ളീൽക്ക് ... ആഹ്, ഇനി പറഞ്ഞിട്ടെന്ത് കാര്യം.."  കുഞ്ഞോൻക്ക പറഞ്ഞു.

"ആഹ്, പോട്ടെ ...അതല്ല എൻ്റെ പ്രശ്നം, കാലത്ത് മുതൽ ഒരു തൊണ്ടവേദന, ഇനിയെങ്ങാനും നമുക്കും പിടിച്ചോ , കൊറോണ .. അന്ന് നമ്മളും ജുനൈദിനോട് സംസാരിച്ചതല്ലേ..." അഹ്മദ്ക്ക പരിഭവിച്ചു..

"ആ ചങ്ങായി കാരണം  ഇടങ്ങേറ് പിടിച്ചല്ലോ.. നമ്മൾ അതിന് അധികം ഒന്നും സംസാരിച്ചില്ലല്ലോ, കൊറോണയൊന്നുമാകില്ല. എന്തായാലും ഇക്കാര്യം പള്ളിക്കമ്മിറ്റിയിൽ പറയണം. ഗൾഫിൽ നിന്ന് നാട്ടിൽ വന്നാൽ തിരക്ക് പിടിച്ചു പള്ളിയിൽ വരരുതെന്ന്.."