2023, നവംബർ 1, ബുധനാഴ്‌ച

ഒരു ഹൈ എക്സ്പ്ലോസീവ് വെടി

ക്‌ളാസ്സിലെ ഏറ്റവും മടിയനായ ഒരു കുട്ടിയായിരുന്നു മാനവൻ. ഉച്ചയൂണിനു ശേഷം ഉള്ള ഒരു മാത്‍സ് പീരിയഡ്. കുറച്ചു നേരം കഴിഞ്ഞും ടീച്ചർ വരാത്തതിനാൽ എല്ലാരും അത് ആഘോഷിക്കാൻ തീരുമാനിച്ചതിനിടയിൽ മാനവൻ ഒരു നല്ലൊരുറക്കത്തിന് ആ നേരം ചിലവഴിക്കാൻ തന്നെ ഉറപ്പാക്കി. വലിയ ബഹളത്തിന്റെ ഒച്ച കേട്ട് കൊണ്ടാണ് പിന്നീട് അവൻ എണീറ്റത്. ഒരു നല്ലൊരു ഉറക്കം നഷ്ടപ്പെടുത്തിയ ഈർഷ്യത്തിലാണ് അവൻ കണ്ണ് തുറന്നത്. 

ആകെ ബഹളമയം, ഒച്ചപ്പാട്... ക്ലാസ്സിന്റെ നടുത്തളത്തിൽ ബാക്കിയുള്ള എല്ലാരും നിൽക്കുന്നു. മാനവനും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു. അടുത്തെത്തിയപ്പോഴേക്കും മൂക്ക് പൊത്തുന്ന രീതിയിൽ അവിടെയാകെ ദുർഗന്ധം. എന്ത് പറ്റി എന്ന് ആരോടും ചോദിക്കാതെ തന്നെ അവന് കാര്യം പിടി കിട്ടി. ആരോ നല്ല രീതിയിൽ തന്നെ 'ഹൈ എക്സ്പ്ലോസീവ്' ആയ 'ഒരു വെടി' പൊട്ടിച്ചിരിക്കുന്നു. ചിലർ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് പോകുന്നു. ചിലർ ആരാണിത് ഒപ്പിച്ചത് എന്ന് അന്വേഷിക്കുന്നു. ഉത്തരവാദിത്തബോധം ഉള്ള മാനവനും ആ അന്വേഷണത്തിൽ കൂടി.

കൂട്ടം കൂടി നിന്ന് അവർ പിറുപിറുക്കുന്നു. എന്നിട്ട് ക്‌ളാസിന്റെ ഒരു മൂലയിൽ ഇരിക്കുന്ന കുറച്ചു പേരെ നോക്കി എന്തോ പറയുന്നു. അവർ എല്ലാരും കൂടി  നൗഷാദിന്റെ അടുത്തെത്തി ചിരിച്ചു തുടങ്ങി. 

"നീയല്ലേടാ ഇതൊപ്പിച്ചത്.., നീ തന്നെ.." അവർ ഉറക്കെ ചോദിച്ചു.

"ഏയ്, ഞാനല്ല.. " നൗഷാദ് മറുപടി പറഞ്ഞു.

"നീ തന്നെ, ഇതിനു മുൻപും ഇങ്ങിനെ ഒപ്പിച്ചിട്ടുള്ളത് നമുക്കറിയാം.. ഇതിപ്പൊ ഒച്ചയുണ്ടാക്കാതെ വിട്ടത് കൊണ്ട് രക്ഷപ്പെട്ടു എന്ന് കരുതണ്ട..." എല്ലാരും കൂടി അത് നൗഷാദിറ്നെ തലയിൽ കെട്ടിച്ചേർത്താൻ ഉള്ള ശ്രമം ആണ് നടക്കുന്നത്. എതിർത്ത് നിന്ന് കാര്യം ഇല്ല എന്ന് മനസ്സിലാക്കിയ നൗഷാദ് മിണ്ടാതെ തല കുനിച്ചിരുന്നു.

ഇതൊക്കെ കണ്ടു അടുത്തിരിക്കുന്ന ജെയിംസ് ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.

"എടാ, അവനല്ല.. അവനെ വിട്ടേക്ക്, അത്  ഞാൻ ആണ്.., അവനെ ക്രൂശിക്കണ്ട.. അതിന്റെ പിന്നിൽ പ്രവർത്തിച്ച ആ കറുത്ത ****** എന്റേതാണ്" 

അന്വേഷണ സംഘം അങ്ങോട്ട് തിരിഞ്ഞു, എന്നിട്ട് അത്ഭുതപരതന്ത്രരായി കൂട്ടമായി ചോദിച്ചു.. "നീയോ !! ഒന്ന് പോടാ..."

"അതേടാ, ഞാൻ തന്നെ", അവൻ ചിരി നിറുത്താതെ കൊണ്ട് പറഞ്ഞു.

"ഏയ്, നീയല്ലാ... നൗഷാദിനെ രക്ഷിക്കാൻ നീ ചുമ്മാ പറയുന്നതല്ലേ... ഇങ്ങിനെ ഒരു വെടി പൊട്ടിക്കാൻ അവനെ കൊണ്ടേ പറ്റൂ" അന്വേഷണസംഘം പറഞ്ഞു.

"അല്ലേടാ, ഇന്ന് ഉച്ചക്ക് പൊട്ടാറ്റോ കറിയും ചപ്പാത്തിയും ആയിരുന്നു, അത് കഴിച്ചു കഴിഞ്ഞത് മുതൽ തുടങ്ങിയതാ, ഒരു അസ്വസ്ഥത. ഇനിയും വിശ്വാസമാകാത്തവർക്ക് ഇതാ ഞാൻ ബാക്കി വെച്ച ചപ്പാത്തി" എന്നും പറഞ്ഞു ടിഫ്ഫിൻ ബോക്സ് തുറന്ന് കാണിച്ചു

"എന്നെ കൊണ്ടും ഇതൊക്കെ പറ്റും.." ജെയിംസ് പൊട്ടിച്ചിരിച്ചു..

ചെറിയ ഒരാശ്വാസത്തിൽ എഴുന്നേറ്റ് പുറത്തേക്ക് പോകാനിറങ്ങിയ നൗഷാദിനെ നോക്കി കൊണ്ട് അന്വേഷണസംഘം പറഞ്ഞു "നീ അവിടെ നിൽക്ക്, ഈ തെളിവ് കൊണ്ടൊന്നും നിന്നെ ഇതിൽ നിന്ന് വിടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല"...


2023, ഒക്‌ടോബർ 11, ബുധനാഴ്‌ച

നരയാട്ട്

ദുരിതാശ്വാസനിധികൾ പ്രഖ്യാപിക്കപെടുന്നു, വൈദ്യസഹായത്തിന്റെ വലിയ കണ്ടെയ്നർ നിറക്കാൻ തുടങ്ങിയിരിക്കുന്നു, ഭക്ഷണപ്പൊതികൾക്ക് വേണ്ട സാധങ്ങൾ ശേഖരിക്കപ്പെടുന്നു, വിങ്ങിപ്പൊട്ടി വിഷമം രേഖപ്പെടുത്താൻ സോഷ്യൽ മീഡിയ തയ്യാറെടുക്കുന്നു, അന്തിച്ചർച്ചകൾക്കുള്ള ആളുകളെ വിളിച്ചു തരപ്പെടുത്തുന്നു...

ചത്തു കിടക്കാൻ ജീർണ്ണിച്ച ശവങ്ങളെവിടെ ? മാതാപിതാക്കളെ തേടി കരഞ്ഞു കലങ്ങിയ കണ്ണുമായുള്ള കുഞ്ഞുങ്ങൾ എവിടെ? ഉഗ്രസ്‌ഫോടനങ്ങൾ മൂലം ഉണ്ടായ പൊടിപടലങ്ങൾ നിറഞ്ഞ നഗരങ്ങൾ എവിടെ ? 


നാടക സാമഗ്രികൾ എല്ലാം തയ്യാർ.. ഇനി വേണ്ടത്, അരങ്ങാണ്....

മണിമുഴക്കത്തിനായി...

 

തുടങ്ങട്ടെ... നരയാട്ട്