നാട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പിൽ കാത്തു നില്ക്കുകയാണ് അവൻ. കൂടെ ഭാര്യയും കുട്ടിയുമുണ്ട്. എതിർവശത്ത് ഒരു പച്ച വെളിച്ചത്തിനായി വണ്ടികൾ നിര നിരയായി കാത്തു നിൽക്കുന്നു. ഒന്നു രണ്ടു ഓട്ടോയും അത്ര തന്നെ ബസ്സും ഒഴിച്ചാൽ പിന്നെ ബാക്കിയെല്ലാം ലക്ഷങ്ങൾ മുതൽ കോടികൾ വിലമതിക്കുന്ന വണ്ടികൾ. "ഈ കൊച്ചു കേരളത്തിൽ ദരിദ്രനായി ഞാൻ മാത്രമേ ഉള്ളൂ..!!" അവൻ അങ്ങിനെ ആലോചിച്ചു നിൽക്കുമ്പോഴാണു തോളിൽ കിടന്നിരുന്ന മകൾ തൊട്ടടുത്ത കടയിലേക്ക് കൈ ചൂണ്ടി മിട്ടായി മേടിക്കാൻ ആവശ്യപ്പെട്ടത്."അച്ഛാ അച്ഛാ,എനിക്ക് ഒരു ചോക്ലേറ്റ് മേടിച്ചു തരുമോ".അയാൾ കടയിൽ നിന്ന് രണ്ടു മിട്ടായി മേടിച്ചു മോൾക്ക് കൊടുത്തു. അവൾ മിട്ടായി കയ്യിൽ കിട്ടിയതും, അച്ഛന്റെ കവിളിൽ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു. കടക്കാരനു പണം നൽകാനായി കീശയിൽ കയ്യിട്ട അയാൾ മനസ്സില് പറഞ്ഞു. "അല്ല, ഞാനും ഒരു സമ്പന്നൻ തന്നെ..!!".
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ