2016, ഫെബ്രുവരി 21, ഞായറാഴ്‌ച

കോഴയും കോഴിയും

കോഴയും കോഴിയും തമ്മിൽ എന്ത് ബന്ധം? അക്ഷരങ്ങളുടെ സാദൃശ്യം മാത്രമല്ല അതിനുള്ളത്. കോഴിയുടെ സ്വഭാവമുള്ള ചിലർ കോഴ വാങ്ങും എന്ന് ഈ അടുത്ത കാലത്ത് മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വാർത്തകൾ പറയുന്നു.

വികലാംഗൻ

ഓഫീസിലേക്കുള്ള യാത്രാമധ്യേ, വീടിനടുത്തുള്ള സ്റ്റോപ്പിൽ ബസ്സ്‌ കാത്തു നില്ക്കുകയാണ് അവൻ. ഒരു പ്രൈവറ്റ് ബസ്സ്‌ മുന്നിൽ നിറുത്തി. ഒപ്പമുണ്ടായിരുന്നവർ കയറിയതിനു ശേഷം ചെറുതായി ഓടിത്തുടങ്ങിയ ബസ്സിലേക്ക് അവൻ ചാടിക്കയറി.ഏതാണ്ട് എല്ലാ സീറ്റും നിറഞ്ഞിരിക്കുന്നു. ഹർത്താൽ കഴിഞ്ഞ തൊട്ടടുത്ത ദിവസമായത് കൊണ്ടാവാം നല്ല തിരക്ക്. കുറച്ച് കൂടി തിരഞ്ഞു നോക്കിയപ്പോഴാണ് വികലാംഗർക്കുള്ള സീറ്റിനു പുറമെ ഒരു സീറ്റു കൂടി ഒഴിഞ്ഞു കിടക്കുന്നത് അവൻ കണ്ടത്.ഏതെങ്കിലും വികലാംഗൻ കയറിയാൽ എണീറ്റ് കൊടുക്കേണ്ടി വരുമല്ലോ എന്നാലോചിച്ച് ബാക്കിയായ മറ്റെ സീറ്റിൽ ഇരിപ്പുറപ്പിച്ചു.സീറ്റിൽ ഇരുന്നു കുറച്ച നേരം എന്തോ ചിന്തിച്ചിരുന്ന അവൻ ആ സീറ്റിൽ നിന്നും എണീറ്റ് ഒഴിഞ്ഞു കിടന്ന വികലാംഗ സീറ്റിൽ വന്നിരുന്നു. "മനസ്സിനു വൈകല്യം ബാധിച്ചവനും വികലാംഗൻ തന്നെ..!!".

പരാജയം

      പരാജയപ്പെടും എന്നുള്ള ഭയമാണു ഒരു മനുഷ്യന്റെ വളർച്ചക്ക്‌ കോടാലി വെക്കുന്നത്. ഇതിൽ പ്രതിനായകൻ നായകൻ തന്നെയാണ്‌. അവൻ തന്നെ അവന്റെ വളർച്ചക്ക് തടസ്സമാവുന്നു. ഒരു കാര്യം ചെയ്യാനായി ചിന്തിക്കുമ്പോൾ ആദ്യം തന്നെ, അതിന്റെ പരാജയം ഭയന്ന് അതിൽ നിന്ന് വിട്ടു നിൽക്കുന്നു. ജയത്തോടൊപ്പം പരാജയത്തെയും സ്വീകരിക്കാൻ തയ്യാറായാൽ പല കാര്യങ്ങളും കർമ്മ മണ്ഡലത്തിലേക്ക് നീങ്ങുന്നു. അങ്ങിനെ സാധിക്കാതെ വരുമ്പോൾ പല ചിന്തകളും അതിന്റെ ഗർഭാവസ്ഥയിൽ തന്നെ നശിച്ചു പോകുന്നു. 

പകരത്തിനു പകരം

                            ഓഫീസിൽ നിന്നും ഇറങ്ങുമ്പോഴാണ്, അവൻ സതീഷിനെ കണ്ടത്. അവനെ കണ്ടതും, ഇന്നലെ അവൻ എന്നെ നോക്കിചിരിച്ചിരിന്നുവോ എന്നാണു ആദ്യം ചിന്തിച്ചത്. അതെ, ഇന്നലെ അവൻ ചിരിച്ചിരുന്നു. പോകും വഴി സതീഷിനെ നോക്കി ചിരിച്ചു കൊണ്ട് അവൻ നടന്നു നീങ്ങി.  അതാ ,   ഷമീർ വീട്ടിലേക്കുള്ള വണ്ടിക്കായി  "പാർക്കിംഗ് ലോബ്ബി"യിൽ കാത്തു നിൽക്കുന്നു. ഷമീർ, ഓഫീസി ൽ അവന്റെ അടുത്താണ് ഇരിക്കുന്നത്. അവൻ എപ്പോഴെങ്കിലും എനിക്ക് "ലിഫ്റ്റ്‌" തന്നിട്ടുണ്ടോ ?  അത്  ചിന്തിച്ചു കൊണ്ട് അവൻ നടന്നു നീങ്ങി. ഇല്ല, അവൻ "ലിഫ്റ്റ്" തന്നതായി ഓർമയിലില്ല. പോക്കറ്റിൽ നിന്നും "സ്മാർട്ട്‌ ഫോണ്‍" എടുത്ത് എന്തോ അതിൽ കുത്തിക്കുറിക്കുന്നത് പോലെ കാണിച്ച്, സ്മാർട്ടായി നടന്നു കാറിൽ കയറി.
                          വീട്ടിലെത്തി കുളിച്ച് "റിഫ്രെഷായി" ഒരു പുസ്തകവുമെടുത്ത് വരാന്തയിലേക്ക് നടക്കുന്നതിനിടെ  അടുക്കളയിൽ നിന്നിരുന്ന ഭാര്യയെ നോക്കി ഒന്ന് ചിരിച്ചു. പുസ്തകം തുറന്ന്, വരാന്തയിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു എന്തോ എഴുതാൻ തുടങ്ങി. "ഇന്ന് എല്ലാം "ടാല്ലി" ആണ്". 

വൈരാഗ്യം

ജനൽ പാളികളിലൂടെ അവൻ പുറത്തേക്കെറിയപ്പെട്ടു. രണ്ടാം നിലയിൽ നിന്ന്,  ഭിത്തിയിലും സണ്‍ഷെയ്ടിലും തട്ടിത്തെറിച്ചു താഴോട്ടു പതിക്കുമ്പോഴും, അവന്റെ ശരീരം എരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. നനഞ്ഞ മണ്ണിൽ പതിച്ചപ്പോഴാണ് കത്തിക്കൊണ്ടിരുന്ന അവന് ഇത്തിരി ആശ്വാസം കിട്ടിയത്. ഇത്തിരി ജീവൻ ബാക്കി വെച്ച് തീ എരിഞ്ഞടങ്ങി. അപ്പോഴാണ് അടുത്ത് കിടന്നിരുന്ന തന്റെ സഹോദരനെ കണ്ടത്. അവസാന നിമിഷങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന അവന്റെ അടുത്തേക്ക് അവൻ  നിരങ്ങി നീങ്ങി.
"വേദനയുണ്ടോ" ? അവൻ ചോദിച്ചു. പാതി കണ്ണു തുറന്നു ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.
"സാരമില്ല. ഇന്നലെ നിന്നെ കത്തിച്ചു അവൻ എടുത്തു വിട്ട ഓരോ പുകയിലും അവന്റെ ജീവൻ തന്നെയല്ലെ നമ്മൾ ഇല്ലാതാകുന്നത്. എനിക്ക് തോന്നുന്നു, ഒന്നു രണ്ടു മാസത്തിനുള്ളിൽ അവന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകും. പക്ഷെ, ഇന്നു ഞാൻ ഉന്നം വെച്ചത് അവൻ എപ്പോഴും കൊണ്ടു നടക്കുന്ന പൊന്നോമനയായ  അവന്റെ മോളെയാണ്. അവളുടെ ഭാവിയും നമ്മളുടെ തലമുറ തകർക്കും. അതോർത്ത്‌ കൊണ്ട് നമുക്ക് നമ്മുടെ വേദന മറക്കാം". അതും പറഞ്ഞു മുകളിലേക്ക് നോക്കി കിടന്ന അവന്റെ മാറിലൂടെ ഒരു വലിയ ചക്ക്രം കയറിയിറങ്ങി. ഒരു ഞെരക്കത്തോടെ അവർ രണ്ടു പേരും നിശ്ശബ്ദരായി. അപ്പോഴും ആ ഉയർന്ന കെട്ടിടത്തിൻറെ പല പല ജനലുകളിലൂടെ കത്തിയെരിഞ്ഞ്‌ പലരും താഴൊട്ട് പതിക്കുന്നുണ്ടായിരുന്നു. 

ഒരു ഏണി ചിന്ത

കയ്യിൽ കിട്ടിയ ഏണിയുടെ ഏറ്റവും താഴത്തെ തട്ടിലുള്ള പിശകു കാരണം അത് ഉപയോഗിക്കാതെ മാറ്റി വെക്കുന്ന മണ്ടത്തരം പോലെയാണ്, കിട്ടിയ സാഹചര്യങ്ങൾ അതിലെ ചെറിയ റിസ്ക്‌ ഭയന്നു വേണ്ടെന്നു വെക്കുന്നത്. ഏണിയുടെ പിശക് വന്ന ഭാഗം ഏറ്റവും മുകളിലേക്ക് വരുന്ന രീതിയിൽ തിരിച്ചു നിർത്തി, കേറാവുന്നിടത്തോളം കയറി അതിനെ ഉപയോഗിക്കുന്ന രീതിയാണ്, മുൻപിൽ വന്ന സാഹചര്യത്തെ ഒന്നു മിനുക്കി നമ്മുടെ മുൻപോട്ടുള്ള പോക്കിനായി സജ്ജമാക്കേണ്ടത്. പറ്റാവുന്നിടത്തോളം മുൻപോട്ട് നീങ്ങിക്കഴിഞ്ഞ് നോക്കുമ്പോൾ പുതിയ സാഹചര്യങ്ങൾ സൃഷ്ട്ടിക്കപെടുന്നു.

ചിന്തകൾ

 ഏകാന്തതയിൽ ഇരുന്നു ചിന്തിക്കുക അവൻറെ ഒരു സ്വഭാവമാണ് . തനിച്ചുള്ള താമസം അതിനെ കൂടുതൽ പ്രോത്സാഹിപ്പിച്ചു, എന്നല്ലാതെ വേറൊരു നേട്ടവും അവന് നല്കിയില്ല എന്നു വേണം കരുതാൻ. ജീവിതത്തിൻറെ ലക്ഷ്യം എന്താണ് എന്നത്  അവന്റെ ചിന്തയിൽ കടന്നു കൂടി ഏതാണ്ട് ഒരാഴ്ചയിലേറെയായി.

ഒരു വലിയ ചിന്തകനാണ്‌ എന്നത് അവനെ ഇടയ്ക്കിടെ സന്തോഷിപ്പിച്ചിരുന്നു.
അപ്പോഴാണ്‌ അലാറം അടിക്കുന്നത്. ഉറക്കം നിറുത്തേണ്ട സമയമായല്ലൊ എന്നോർത്ത് ചിന്തകൾ ഒരു ഭാഗത്ത് മടക്കി വെച്ചു അവൻ പല്ലു തേക്കാൻ പോയി .