2021, ഏപ്രിൽ 13, ചൊവ്വാഴ്ച

ആനയെ കുറിച്ച് രണ്ട്‌ വാക്കുകള്‍

ടീച്ചർ കുട്ടിയോട് : "ആനയെ കുറിച്ചു രണ്ടു വാക്ക് പറയൂ"
കുട്ടി : ആന നമ്മുടെ സംസ്ഥാനത്തിന്റെ ദേശീയ മൃഗം ആണ്. കേരളത്തിൽ ആനകളെ ഉത്സവത്തിനും, നേർച്ചക്കും അണിയിച്ചൊരുക്കി കൊണ്ട് വരുന്ന കാഴ്ച്ച മനോഹരമാണ്. ആനപ്രേമികൾക്ക് ഇത് വളരെയധികം ഇഷ്ടമാണ്. ഈയടുത്തു ഒരു ആന പടക്കം നിറച്ച പൈനാപ്പിൾ കഴിച്ചു ദാരുണമായി കൊല്ലപ്പെട്ടിരുന്നു. അത് നടന്നത് പാലക്കാടിന്റെയും, മലപ്പുറത്തിന്റെയും അതിർത്തി പ്രദേശത്ത് ആണ്. മലപ്പുറം ഒരു മുസ്ലിം ഭൂരിപക്ഷ ഏരിയ ആണ്. അറിയാമല്ലോ, മുസ്ലിങ്ങൾ ജന്മനാ തീവ്രവാദികൾ ആണ്. അവർ തന്നെയാണ് ആനയെ കൊന്നത്. അതിനെല്ലാം കാരണം, അവർ പോത്തിനെ അറുത്തു കറി വെച്ചും, ബിരിയാണി ഉണ്ടാക്കിയും കഴിക്കും. 

2020, മേയ് 19, ചൊവ്വാഴ്ച

ഒരു സബ്സ്ക്രിപ്ഷൻ കഥ

കടയിൽ നിന്ന് സാധനങ്ങൾ മേടിച്ചു തിരിച്ചു വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു അവൻ. മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുള്ള ചെറിയ പോക്കറ്റ് റോഡിലേക്ക് കയറി നടക്കുമ്പോഴാണ് ഒരു പൂച്ചയുടെ കരച്ചിൽ കേട്ടത്. ഒരു കുഞ്ഞി പൂച്ചയുടെ കരച്ചിൽ. ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു എവിടെ നിന്നാണ് ശബ്ദം വരുന്നതെന്ന് അന്വേഷിച്ചു. പോക്കറ്റ് റോഡിനരികെ വെള്ളം ഒഴുകി പോകാനുള്ള കാനയിൽ വീണ ഒരു കുഞ്ഞി പൂച്ചയുടെ കരച്ചിൽ ആണത്. കാണാൻ ചന്തമുള്ള ഒരു പൂച്ചക്കുട്ടി. പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു അവൻ ആ പൂച്ചക്കുട്ടിയുടെ വീഡിയോ എടുത്തു. ഇത്തിരി നേരം അവിടെ നിന്ന് പല തരത്തിൽ പൂച്ചയുടെ വീഡിയോ എടുത്തതിന് ശേഷം വീട്ടിലേക്ക് നടന്നു. വീട്ടിൽ എത്തിയ ശേഷം, ഇത്തിരി ദുഃഖഭാവമുള്ള ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചേർത്തു കൊണ്ട്, കണ്ടാൽ കരഞ്ഞു പോകുന്ന രീതിയിൽ ആ വീഡിയോ മാറ്റിയെടുത്തു. ഉടൻ തന്നെ, പല സോഷ്യൽ വെബ്സൈറ്റിലും അപ്‌ലോഡ് ചെയ്തു. #വ്ർരീഡ് #ലോൺലി #ഓർഫൻ.
കുറച്ചു മണിക്കൂറിനുള്ളിൽ തന്നെ ധാരാളം ലൈകും, ഷെയറും കിട്ടി ആ വീഡിയോ പലരും ശ്രദ്ധിച്ചു.
എന്തൊക്കെയോ നേടിയ സന്തോഷത്തിൽ അങ്ങിനെ ആ ദിവസം കടന്നു പോയി.
രണ്ടു മൂന്നു ദിവസം കഴിഞ്ഞു, അതേ വഴിയിലൂടെ നടന്നു പോകുമ്പോൾ, മൂക്കടപ്പിക്കുന്ന രീതിയിൽ ഉള്ള ദുർഗന്ധം ആ വഴിയിൽ ആകെ പരന്നിരിക്കുന്നു. മൂക്ക് പൊത്തി അവൻ കാനയുടെ അടുത്ത് പോയപ്പോൾ, മുൻപ് കണ്ട ആ കുഞ്ഞി പൂച്ച ചത്ത് കിടക്കുന്നു. കയ്യിൽ നിന്നും മൊബൈൽ എടുത്ത് അതിന്റെ ഒരു ഫോട്ടോ എടുത്ത് അവൻ അവിടെ നിന്നും വേഗത്തിൽ നടന്നകന്നു. കടയിലേക്ക് പോകും വഴി തന്നെ അവൻ ആ ഫോട്ടോ സോഷ്യൽ വെബ്‌സൈറ്റിൽ ഷെയർ ചെയ്തു. #RIP #പിറ്റി #മുനിസിപ്പാലിറ്റി #ക്ലീൻ.

പിന്നെ അവൻ സുഹൃത്തുക്കളുടെ പ്രതികരണത്തിനായി കാത്തിരുന്നു. ഒരു ലൈക്, പറ്റുമെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു ആ ബെല്ല് ഐക്കൺ കൂടി അമർത്തണേ..

2020, ഫെബ്രുവരി 3, തിങ്കളാഴ്‌ച

സുരക്ഷാചിന്ത

ഒരിക്കൽ അവർ പറഞ്ഞു സുരക്ഷാകാരണങ്ങളാൽ നിങ്ങൾ മുഖം മറക്കരുതെന്ന്.. ഇപ്പോൾ അവർ പറയുന്നു, സുരക്ഷാകാരണങ്ങളാൽ നിങ്ങൾ മുഖം മറക്കണമെന്ന്..
#നീറ്റ്‌  #നിപ്പ  #കൊറോണ 

2020, ജനുവരി 26, ഞായറാഴ്‌ച

കാക്കയും വവ്വാലും

ഇത് അടുത്ത് സംഭവിച്ച ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കൊച്ചിയിലെ പാവക്കുളം അമ്പലത്തിൽ വെച്ചുണ്ടായ വാക്ക് തർക്കത്തിൽ ഒരു സ്ത്രീ പറഞ്ഞ പ്രസ്താവന "ആ സ്ത്രീ സിന്ദൂരം തൊടുന്നത് അവർക്കുള്ള രണ്ടു പെണ്മക്കളെ 'കാക്ക'മാർ തൊടാതിരിക്കാൻ ആണെന്നാണ്. കാക്ക എന്നത് മലപ്പുറത്തെ മുസിലിംകളെ പൊതുവെയും, മൊത്തത്തിൽ മുസ്ലിംകളെയും വേദനിപ്പിക്കാതെ അഭിസംബോധന ചെയ്ത് പറയുന്നതാണ്. അത് തന്നെയായിരിക്കും ആ സ്ത്രീയും ഉദ്ദേശിച്ചിരിക്കുക.

മാപ്പിള കാക്കയെ നമുക്ക് ഇപ്പോൾ മറക്കാം. എന്നാൽ കാക്ക എന്ന പക്ഷി ആരാണ്? മാലിന്യങ്ങളിൽ നിന്നും സ്വന്തം ഭക്ഷണം കണ്ടെത്തുന്ന ഒരു പാവം ജീവി. ഒരു തരത്തിൽ മാലിന്യങ്ങൾ കുന്നു കൂടി പെരുകുന്നതിൽ നിന്നും പരിസ്ഥിതിയെ ഒരു പരിധി വരെ സംരക്ഷിക്കുന്ന ആൾ. ഇങ്ങിനെ മാലിന്യത്തിൽ നിന്ന് കിട്ടിയത് കഴിച്ചു ജീവിക്കുന്ന ആളാണെങ്കിലും പകർച്ചപ്പനി പരത്തുന്നതിൽ അങ്ങിനെ കാര്യം ആയൊന്നും റോൾ ഉള്ളതായി കേട്ടിട്ടില്ല. എന്നാൽ നിപ്പ പോലുള്ള പക്ഷികളിൽ നിന്ന് പകരുന്ന രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളെ വഹിച്ചു നടക്കുന്നത് വവ്വാൽ ആണെന്നാണ് പറയുന്നത്. തല കീഴായി തൂങ്ങി കിടക്കുന്ന, കണ്ണും കാണാത്ത, ശബ്ദം കേട്ട് വസ്തുക്കളെ മനസ്സിലാക്കി പറന്നു നടക്കുന്ന വവ്വാൽ. സാധാരണ കഴിക്കുന്നത് നല്ല പാകമായ ഫലങ്ങൾ.

വർഗ്ഗീയ വിഷം പേറി നടക്കുന്നവരെ നമുക്ക് ഈ വൈറസ് വവ്വാലുകളുമായി ഉപമിക്കാം. ശരിയായ വീക്ഷണം ഇല്ലാതെ, തല തിരിഞ്ഞ് കാര്യങ്ങളെ കാണുന്ന, അവിടുന്നും ഇവിടുന്നുമുള്ള കാര്യങ്ങൾ കേട്ട് തീരുമാനം എടുത്ത് സാഹോദര്യം തകര്‍ക്കുന്നവരുമായി നമുക്ക് ഈ വവ്വാലുകളെ ഉപമിക്കാം.

2019, മേയ് 29, ബുധനാഴ്‌ച

അപ്രിയ സത്യങ്ങൾ

പഴയ മൊബൈൽ മാറ്റി, പുതിയത് എടുക്കാൻ പ്ലാൻ ചെയ്തിരിക്കുന്ന സമയത്താണ് കൂട്ടുകാരൻ പറഞ്ഞത് അത് വേണ്ടെന്ന് .. പഴയ മൊബൈലിൽ ഡിലീറ്റ് ചെയ്ത ഡാറ്റ ഇപ്പൊ ചില സോഫ്റ്റ്‌വെയർ വെച്ചു തിരിച്ചെടുക്കാമെന്ന് .. ചെറിയ പൈസ ലാഭത്തിനു വേണ്ടി ഇങ്ങിനെ ചെയ്യുന്ന പലരുടെയും പേർസണൽ ഡാറ്റ തിരിച്ചെടുത്തു മുതലാക്കിയ കഥകൾ ധാരാളം... പഴയ മൊബൈൽ വിൽക്കേണ്ട എന്ന് തീരുമാനിച്ചു ഒരു മൊബൈൽ വാങ്ങാൻ തീരുമാനിച്ചു . അമ്പമ്പോ..

ആദ്യമായി വിദേശയാത്രക്ക് വിമാനത്തിൽ കയറി ഇരിക്കുന്ന സമയത്തു ഒരു അന്നൗൺസ്‌മെന്റ് .. താങ്കളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക, അല്ലെങ്കിൽ ഫ്ലൈറ്റ് മോഡിലേക്ക്  മാറ്റുക . അതെന്തിനാ..? അടുത്തിരിക്കുന്ന സഹയാത്രികനോട് ചോദിച്ചപ്പോൾ മൂപ്പര്  പറഞ്ഞു ..നമ്മുടെ മൊബൈൽ സിഗ്നൽ വിമാനത്തിന്റെ കമ്മ്യൂണിക്കേഷൻ സിസ്റ്റത്തെ ഡിസ്റ്റർബ് ചെയ്തേക്കാം .. അതും കേട്ട് മൊബൈൽ ഫ്ലൈറ്റ് മോഡിലേക് മാറ്റി .. അമ്പടാ മൊബൈലേ , പതിനയ്യായിരം രൂപയുടെ സാധനത്തിന് കോടിക്കണക്കിന് രൂപ വിലയുള്ള വിമാനത്തിന്റെ സിസ്റ്റത്തെ ബുദ്ധിമുട്ട് ഉണ്ടാക്കാമെന്നോ .. അമ്പമ്പോ...

എടാ , നീ നാട്ടിൽ ഇല്ലല്ലോ.. നിന്റെ എ ടി എം കാർഡ്‌ നീ ഉപയോഗിക്കുന്നില്ലല്ലോ.. അത് ബാങ്കിലേക് വിളിച്ചു പറഞ്ഞു ബ്ലോക്ക് ചെയ്തേക്ക് . ഇവിടെ പലരുടെയും കാശ് അങ്ങ് നൈജീരിയയിൽ ഇരുന്നു കൊണ്ട് എടുത്തോണ്ട് പോണത്രെ... അതും മാത്രമല്ല,എ ടി എമിൽ എന്തൊക്കെയയോ തരികിട  ചെയ്ത് വെച്ച് , തുടർന്ന് വരുന്ന ആളുകളുടെ ഡീറ്റെയിൽസ് ചോർത്തുന്ന പരിപാടിയും ഉണ്ട്.. രാവിലെ തന്നെ ചേട്ടന്റെ വാട്സാപ്പ് വോയിസ് മെസ്സേജ്. എന്റമ്മോ, ഉടൻ തന്നെ അതിനു വേണ്ടി ബാങ്കും ആയി കോണ്ടാക്ട് ചെയ്തു.. എന്താല്ലേ,ലോകത്തിന്റെ ഒരു മൂലയിൽ ഇരുന്നു കൊണ്ട് ഇന്റർനെറ്റിന്റെ സഹായത്തോടെ കാശ് അടിച്ചോണ്ട് പോകുന്നു... അമ്പമ്പോ..

എടാ പൊട്ടൻ കണാപ്പാ..നിനക്ക് ഇത്രേം വിവരം ഇല്ലേ.? എവിഎം മഷീൻസ് ഒരിക്കലും ഹാക്ക് ചെയ്യപ്പെടില്ല..അത് വളരെ സേഫ് ആണ്... നീ എന്തിനാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ,ബാലറ്റ് പേപ്പർ സിസ്റ്റം തിരികെ കൊണ്ട് വരണം എന്നും പറഞ്ഞു ഫേസ്ബുക്കിൽ പോസ്റ്റിയിരിക്കുന്നത്.. ഫ്രണ്ടിന്റെ എഫ് ബി മെസ്സേജ് കണ്ടു അമ്പരന്നു.. ശരിയാ , എവിഎം മഷീൻസ് അട്ടിമറി സാധ്യമല്ല .. എഫ് ബി യിലെ  പോസ്റ്റ് തിരിച്ചെടുത്തു മാപ്പ് പറഞ്ഞു മാതൃകയായി ..

2017, ഒക്‌ടോബർ 10, ചൊവ്വാഴ്ച

ഒരു റോഹിങ്ക്യൻ ചിന്ത

"ഇക്കാ.. ഇങ്ങള് എവിടാ.?" ആമിന സലീമിനെ ഫോണിൽ വിളിച്ചന്വേഷിച്ചു.

"ഞാൻ കലൂരിൽ ഉണ്ട്.എന്തേ ?" സലീം മറുപടി നൽകി.

"അവിടെന്താ പരിപാടി ? ഇങ്ങടെ ഫ്രണ്ട് ഇല്ലേ ഹനീഫ്, മൂപ്പരും ഫാമിലീം വന്നിരിക്കണ്." ആമിന പറഞ്ഞു.

"ആര്? ബാംഗ്ലൂർ ഉണ്ടായിരുന്ന ഹനീഫയോ ?" സലീം ചോദിച്ചു.

"ആഹ്, മൂപ്പര് തന്നെ. ഇങ്ങള് വേഗം വരി..., വരുമ്പോൾ ഒരു ചിക്കനും മേടിച്ചേക്ക്." ആമിന പറഞ്ഞു.

"എടീ, അതിനു ഞാൻ ഇവിടെ ഒരു പ്രതിഷേധ പ്രകടനത്തിലാ... റോഹിങ്ക്യർക്കെതിരെയായുള്ള കേന്ദ്ര നിലപാടിനെതിരെ.. ഇത് കഴിയാൻ ടൈം എടുക്കും.." സലീമിന്റെ മറുപടി കേട്ട് ആമിന വിഷമിച്ചു.

"ഇങ്ങള് എന്താച്ചാ ചെയ്യ്. ഇവിടെ വെച്ച് കൊടുക്കാനും മറ്റും ഒന്നുല്ലാ. പിന്നല്ലാ, അവരുടെ കയ്യിൽ ബാഗും മറ്റും കാണുന്നുണ്ട്. ഇന്ന് നമ്മടെ ഫ്ലാറ്റിൽ തങ്ങാനുള്ള പരിപാടിയാണെന്ന് തോന്നുന്നു." അതും പറഞ്ഞു ആമിന ഫോൺ കട്ട് ചെയ്തു.

കുറച്ചു കഴിഞ്ഞ് സലീം തിരിച്ചു വിളിച്ചു.

"ആമിനാ, എന്താ അവരുടെ പരിപാടി ? ഇന്ന് റൂമിൽ തങ്ങാൻ തന്നെ ആണോ? ഉച്ചക്കുള്ള ഭക്ഷണം ഞാൻ പാർസൽ മേടിച്ചു വരാം."

"ആ.. അവര് ബാംഗ്ലൂർ നിന്ന് വരുന്നതാ.. കൊച്ചിയിൽ വന്നു പാസ്സ്പോർട്ട് റിന്യൂ ചെയ്യാൻ കൊടുത്ത് പത്തനംതിട്ട ഹനീഫിന്റെ വീട്ടിലേക്ക് പോകാനായിരുന്നു പ്ലാൻ. പാസ്സ്പോർട്ട് ഓഫീസിൽ പോയപ്പോളാണ് അവരുടെ മാര്യേജ് സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ വേണം എന്നറിയുന്നത്. വീണ്ടും പോയി വരാൻ മെനക്കേടായത് കൊണ്ട് ഹനീഫാന്റെ അനിയനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവൻ അതും ആയി നാളെ കൊച്ചിയിൽ വരും. എല്ലാം കഴിഞ്ഞ് നാളെ പോകാൻ ആണ് ഇപ്പോഴത്തെ പരിപാടി." ആമിന വിശദമായി മറുപടി നൽകി.

"ശ്ശെടാ.. അവിടെ തങ്ങാനാ.. അതും നമ്മടെ വൺ ബെഡ് റൂം ഫ്ലാറ്റിൽ." സലീം പറഞ്ഞു.

"ഒരു ദിവസത്തെ കാര്യം അല്ലെ, ഒന്ന് അഡ്ജസ്റ്റ് ചെയ്യാം. ഞാനും മോനും, പിന്നെ ഹനീഫാന്റെ ഭാര്യ ആയിശേം റൂമിൽ കിടക്കാം, ഇങ്ങള് ആണുങ്ങൾ ഹാളിൽ കിടന്നോ." ആമിനാടെ മറുപടി കേട്ടപ്പോൾ സലീമിന് ദേഷ്യമായി.

"നീ എന്ത് കണ്ടോണ്ടാണ്? ഹനീഫിനെ നിനക്കറിയാല്ലോ? നമ്മൾ അന്ന് പെട്ടെന്ന് ബാംഗ്ലൂർ വിട്ടു ഇവിടെ വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ വിറ്റു തന്നതിന് കമ്മീഷൻ മേടിച്ച പുള്ളിയാ. എനിക്കെന്തോ, അത് ഇപ്പളും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. നീ എന്തേലും പറഞ്ഞു ഒഴിവാക്ക്. ഇന്ന് നൈറ്റ് നിന്റെ വീട്ടിൽ പോകാൻ പ്ലാൻ ഉണ്ട് എന്ന് പറ." സലീം പറഞ്ഞു.

"അതൊക്കെ എന്ന് കഴിഞ്ഞതാ ഇക്കാ... അത് വെച്ച് ഇപ്പൊ ഒരു സഹായം ആവശ്യം ആയി വന്നപ്പോൾ ഒഴിവാക്കുന്നത് എന്തിനാണ്? ഒരു അന്തോം ബന്ധോം ഇല്ലാത്ത റോഹിങ്ക്യക്കാരെ കേന്ദ്രം പുറത്താക്കും എന്ന് പറഞ്ഞതിന് പ്രതിഷേധിക്കാൻ പോയ ഇങ്ങളാണ് ഒപ്പം പഠിച്ച്, ഒരേ കമ്പനീൽ വർക്ക് ചെയ്തിരുന്ന കൂട്ടുകാരന് ഒരു ദിവസം റൂമിൽ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് പറയുന്നത്. ഇങ്ങള് ഒന്നും പറയണ്ട.ഒരു ചിക്കൻ മേടിച്ചു വാ.. ഡിന്നറിന്ന് കറി വെക്കാം. വേഗം വാ.." അതും പറഞ്ഞു ആമിന ഫോൺ വെച്ചു.
ഒരു ശക്തിയുള്ള  ഇടിമിന്നലായി പതിച്ച ആ വാക്കുകൾ, പിന്നീട് തണുപ്പുള്ള ഒരു മഴയായി  അവന്റെ മനസ്സിനെ കുളിരണിയിച്ചു..

2016, ജൂൺ 25, ശനിയാഴ്‌ച

ഒരു ചിന്ത

വീടിന്റെ ടെറസിന് മുകളിലാണ് അന്ന് അവൻ ഉറങ്ങാൻ കിടന്നത്. കുറെ നേരം ആകാശത്തേക്ക് നോക്കി കിടന്നു. നിലാവ് കുറവായതിനാൽ നക്ഷത്രങ്ങൾ എല്ലാം നല്ല തെളിച്ചത്തിൽ കാണാം. കുറെ നേരം അങ്ങിനെ നോക്കി കിടക്കുമ്പോൾ, ആകാശത്ത് കുറെ ചെറിയ കണങ്ങൾ പ്രത്യക്ഷപ്പെട്ടു. പിന്നെ അത് അധികരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ, ആ കണങ്ങൾക്കൊക്കെ പല തരം നിറങ്ങൾ വന്നു. പിന്നീട്, ആ കണങ്ങൾ നിറത്തിന്റെ അടിസ്ഥാനത്തിൽ പല പല ഗ്രൂപ്പുകളായി. പിന്നെ അവർ അവന്റെ അടുത്തേക്ക് വരാൻ തുടങ്ങി. അത് ഒരു മൽസരമായി മാറി. പിന്നെ അത് ഒരു തർക്കമായി, തല്ലായി. ഒഹ്, ആകെ ഒരു ബഹളം. പതിയെ ഞാൻ കണ്ണടച്ചു. ഇപ്പോൾ എല്ലാം ശാന്തം.