2016, ഫെബ്രുവരി 21, ഞായറാഴ്‌ച

വെള്ളത്തിലെ ഒരു വര


"നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കണം. എന്നാൽ ആകാശത്തുള്ളവനും നിങ്ങളോട് കരുണ കാണിക്കണം." അന്നത്തെ ജുമുഅ പ്രസംഗത്തിൽ നിറഞ്ഞു നിന്ന സംസാരം അതായിരുന്നു. പ്രാർഥനയും നമസ്കാരവും കഴിഞ്ഞ് അവൻ പള്ളിയിൽ നിന്നിറങ്ങി.

പള്ളിയിലെ ഇമാമിനോട് പ്രസംഗം കലക്കിയെന്നും, മറ്റു കുശലാന്വേഷണങ്ങൾ നടത്തിയും വണ്ടി പാർക്ക്‌ ചെയ്തിടത്തേക്ക് നടന്നു. വഴിയിൽ വെച്ച് ഒരു ഭിക്ഷക്കാരൻ ചോദിച്ചു. "എന്തെങ്കിലും  താ സാറേ". മുഖം തിരിച്ചു തലയിൽ കെട്ടിയ ടവൽ ഊരിക്കുടഞ്ഞ് പോക്കറ്റിലിട്ട് കാറിനു നേരെ നടന്നു.കാറിനടുത്ത് കാത്തു നില്ക്കുകയായിരുന്ന കൂട്ടുകാരനോടായി പറഞ്ഞു. "ഇങ്ങിനത്തവന്മാർ കാരണം പള്ളിയിലേക്ക് വരാൻ പറ്റാതെയായി. എവിടെ ചെന്നാലും ഉണ്ടാകും ഇങ്ങിനെ പാത്രവുമായി പത്തു പേർ."

കൂട്ടുകാരൻ ചെറുതായൊന്നു പുഞ്ചിരിച്ചു. എന്നിട്ട് അവനോടായി പറഞ്ഞു. "ഇന്നത്തെ പ്രസംഗം കലക്കി, അല്ലേ ? ".

രണ്ട് ചിന്തകൾ


സാമാന്യ വേഗത്തിൽ ദേശീയ പാതയിലൂടെ കുടുംബവുമായി കാറിൽ ഡ്രൈവ്  ചെയ്തു പോകുമ്പോഴാണ്‌, പോക്കെറ്റ്‌ റോഡിൽ നിന്ന് ഒരു കാർ അവന്റെ വണ്ടിയെ ക്രോസ്സ്‌ ചെയ്ത് കയറിയത്.ഒരു വലിയ അപകടം മുന്നില് കണ്ട അവൻ കാർ സഡൻ ബ്രേക്കിട്ടു. അപ്പോഴേയ്ക്കും ക്രോസ്സ് ചെയ്ത  ആ കറുത്ത കാർ അമിത വേഗത്തിൽ മുമ്പോട്ട് പാഞ്ഞു കഴിഞ്ഞിരുന്നു.

ആ കാറിന്റെ  പിന്നിൽ പതിപ്പിച്ചിരുന്ന ഡോക്ടർ ലോഗോ സ്റ്റിക്കർ കണ്ട അവൻ പറഞ്ഞു. "ആശുപത്രിയിൽ ബിസിനസ്സ് കുറവായത് കൊണ്ട് ഇവൻ കാറും എടുത്ത് ഇറങ്ങിയിരിക്ക്യാ.., വണ്ടി ഇടിച്ച് ആളെ കൂട്ടാൻ."

തൊട്ടടുത്ത സീറ്റിൽ ഇരുന്നിരുന്ന ഭാര്യ പറഞ്ഞു. "ആരെങ്കിലും സീരിയസ് കണ്ടീഷൻ ആണെന്ന് പറഞ്ഞു ആശുപത്രിയിൽ നിന്ന് കോൾ വന്നിട്ടുണ്ടാകും. അതായിരിക്കും ഇങ്ങിനെ വണ്ടി ഓടിച്ചു പോകുന്നത്."

ഒരു ഛർദ്ദി


ബസ്സിലെ കണ്ടക്ടറുടെ ഒച്ചത്തിലുള്ള സംസാരം കേട്ടു അവൻ ഞെട്ടിയെണീറ്റു.ഒരു ചെവിയിൽ പാതി വീഴാനായി നിന്നിരുന്ന മ്യൂസിക്‌ പ്ലയെറിന്റെ ഹെഡ്സെറ്റ് ഊരിയെടുത്തു. അപ്പോഴും, കണ്ടക്ടറുടെ ഉച്ചത്തിലുള്ള സംസാരം കേൾക്കാമായിരുന്നു. "എന്താ ചേച്ചീ, ഇങ്ങിനെ ഒക്കെ വരുമ്പോൾ,ഒരു കിറ്റ്‌ കൂടി കരുതണ്ടേ?ചെറിയ കുട്ടിയുമായി വരുമ്പോൾ ഒരു അമ്പത് പൈസ കവർ കൂടി കയ്യിൽ വെക്കണം.ഇന്ന് തിങ്കളാഴ്ചയാണ്. വണ്ടി കഴുകിയതിനു ശേഷമുള്ള ആദ്യ ട്രിപ്പും.ഇനി ഒരാൾ ഈ സീറ്റിൽ ഇരിക്കുമോ ?".
ആ സ്ത്രീയുടെ കൂടെയുള്ള കുട്ടി സീറ്റിൽ ഛർദ്ദിച്ചു.അതാണ്‌ കാര്യം. അവരുടെ മകളാണ് എന്നു തോന്നുന്നു. ആ സ്ത്രീ നിസ്സഹായയായി എല്ലാം കേട്ടു മിണ്ടാതെ നില്ക്കുന്നു.

കയ്യിലുള്ള ടിക്കറ്റ്‌ ബുക്കും പൈസയും ബാഗിലിട്ട്‌, അത് ബാഗ്‌ വെക്കുന്ന സ്ഥലത്തേക്കിട്ടു.ഈർഷ്യത്തോടു കൂടി അയാൾ ഡ്രൈവർ ഇരിക്കുന്നിടത്ത് നിന്നു പഴയ രണ്ടു മൂന്നു ന്യൂസ്‌ പേപ്പർ എടുത്ത് കീറി സീറ്റ് തുടക്കാൻ തുടങ്ങി.അപ്പോഴും അയാൾ എന്തൊക്കെയോ പറയുന്നുണ്ട്. സീറ്റ് തുടച്ചു, ഒരു പേപ്പർ എടുത്ത് അതിനു മുകളിൽ ഇട്ടു. തുടച്ചു കഴിഞ്ഞ സീറ്റിൽ ഒരാളെ ഇരുത്തി അയാൾ ആ അമ്മയോട് പറഞ്ഞു."പോട്ടെ ചേച്ചീ, സാരമില്ല. കുട്ടിയല്ലെ !!". ടിക്കറ്റ്‌ ബുക്കും, ബാഗും കയ്യിലെടുത്ത് പോകും വഴി അയാൾ ആ കുട്ടിയുടെ കവിളിൽ തലോടി.

എന്തോ, എനിക്കൊന്നും മനസ്സിലായില്ല.

മതിലുകൾ

വ്യക്തമായി ഒന്നും രേഘപ്പെടുത്താത്ത മതിലുകൾ എത്രത്തോളം അതിൽ പതിപ്പിക്കുന്ന പരസ്യങ്ങളെയോ, പോസ്റ്റരുകളെയോ  പ്രതിഫലിപ്പിക്കുന്നുവോ,അത്രത്തോളം വ്യക്തമായ മൂല്യമോ, കാഴ്ചപ്പാടോ ഇല്ലാത്ത മനുഷ്യമനസ്സ് ചുറ്റുപാടിലെ നല്ലതും, ചീത്തതും ആയതിനെ പ്രതിഫലിപ്പിക്കുന്നു.

നിങ്ങൾ കണ്ടോ ?

ഇന്നു ജൂണ്‍ 6 ശനിയാഴ്ച. കുറച്ചു ദിവസമായി ഉണ്ടായിരുന്ന  മഴക്ക് ഇന്നിത്തിരി ശമനമുണ്ട്. കുളി കഴിഞ്ഞ്, വീടിന്നു പുറത്തുള്ള ബാത്‌റൂമിൽ നിന്ന് വീടിന്റെ കോലായിലേക്ക് ഓടി വരുന്ന നവീൻ, ഉമ്മുറത്തെ ചാരുകസേരയിൽ ഇരുന്നു പേപ്പർ വായിച്ചിരുന്ന അച്ഛനോട് പറഞ്ഞു."അച്ഛാ, നമുക്ക് ഇന്ന് അമ്പലത്തിൽ പോകാം". പ്രത്യേകിച്ച് എന്തെങ്കിലും മനസ്സിൽ ഉണ്ടാകുന്ന സാഹചര്യത്തിലാണ് മകൻ ഇങ്ങിനെ ആവശ്യപ്പെടാറുള്ളത് എന്നറിയുന്ന അയാൾ പോകാമെന്നു സമ്മതം മൂളി. കുളിയും കഴിഞ്ഞ് മകനോടൊപ്പം അമ്പലത്തിലേക്ക് വീട്ടിൽ നിന്നിറങ്ങുമ്പോഴാണ്‌ അടുക്കളയിൽ നിന്നു നവീന്റെ അമ്മ വിളിച്ചു പറഞ്ഞത്, "അമ്പലത്തിൽ നിന്ന് മടങ്ങി വരുമ്പോൾ അരക്കിലോ ചെറുപഴം കൂടി വാങ്ങിയേക്ക്". നവീനും അച്ഛനും അമ്പലത്തിലേക്ക് നടന്നു.

ദൂരെ നിന്ന് തന്നെ അമ്പലത്തിൽ നിന്നുള്ള ഭക്തിഗാനങ്ങൾ കേൾക്കാമായിരുന്നു. അമ്പലനടയിൽ നിന്ന് ഇത്തിരി നേരം പ്രാർഥിച്ച്, അച്ഛൻ അമ്പലത്തിനടുത്തുള്ള ആലിൻചുവട്ടിലേക്ക് നടന്നു. സുഹൃത്തുക്കളോട് കുശലം പറയുന്നതിനിടെ നവീൻ അമ്പലത്തിൽ നിന്നും അവിടേക്ക് വന്നു. സുഹൃത്തുക്കളോട് പിന്നെ കാണാമെന്നും പറഞ്ഞു അയാൾ മകനോടൊപ്പം വീട്ടിലേക്ക് തിരിച്ചുു.

നടത്തത്തിന്നിടയിൽ വെച്ച് അയാൾ മകനോട് ചോദിച്ചു. "എന്താ, ഇന്ന് പ്രത്യേകിച്ച് അമ്പലത്തിൽ വന്നു പ്രാർഥിക്കണം എന്ന് പറഞ്ഞത്, മോന് സ്കൂളിൽ പരീക്ഷ ഉണ്ടോ?". അതിനുള്ള മറുപടിയായി നവീൻ പറഞ്ഞു. "ഇല്ലച്ചാ, പരീക്ഷയൊന്നുമില്ല". "പിന്നെന്താ, പ്രത്യേകിച്ച് ?" അച്ഛൻ വീണ്ടും ചോദിച്ചു. നവീൻ പറഞ്ഞു ."അതില്ലേ അച്ഛാ, ഇന്നലെ ജൂണ്‍ 5 ലോകപരസ്ഥിതി ദിനം ആയിരുന്നു. സ്കൂളിൽ മീറ്റിംഗ് ഉണ്ടായിരുന്നു. പുറത്ത് നിന്നും വന്ന ഒരാൾ പ്രകൃതിയെപ്പറ്റിയും, പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റിയും ഒക്കെ പറഞ്ഞു. അച്ഛാ ,നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ കവറൊക്കെ ഇല്ലേ, അതൊന്നും ഭൂമിയിൽ അലിയില്ല. അത് വലിച്ചെറിഞ്ഞാൽ അവിടെത്തന്നെ കിടക്കുമത്രേ!. നമ്മൾ കഴിച്ചതിന്റെ ബാക്കിയോ മറ്റൊ ആണെങ്കിൽ കാക്കയും മറ്റും തിന്നോളും.പക്ഷേ കാക്കകൾ പ്ലാസ്റ്റിക്‌ തിന്നില്ല. അതാ പ്രശ്നം."

"അതിന് അമ്പലത്തിൽ എന്ത് കാര്യം? " അച്ഛൻ ഇടക്ക് കയറി ചോദിച്ചു. നവീൻ പറഞ്ഞു. "അച്ഛാ, ഞാൻ ഭഗവനോട് പ്രാർഥിക്കാൻ വേണ്ടി വന്നതാ.., കാക്കകൾക്ക് പ്ലാസ്റ്റിക്‌ തിന്നാനുള്ള കഴിവിന് വേണ്ടി. അവർ പ്ലാസ്റ്റിക്‌ തിന്ന് തുടങ്ങിയാൽ പിന്നെ പ്രശ്നം ഇല്ലല്ലോ.." ഒരു ചെറിയ ചിരിയോട് കൂടി അച്ഛൻ ചോദിച്ചു. "എന്നിട്ട് ഭഗവാൻ എന്ത് പറഞ്ഞു. "എല്ലാം ശരിയാക്കി തരാമെന്നും, കാക്കകൾക്ക് ഉടനെത്തന്നെ അതിനുള്ള കഴിവ് നല്കും എന്നേറ്റിട്ടുണ്ട്. പക്ഷെ ഇത്തിരി കാത്തിരിക്കാൻ പറഞ്ഞു. അത് വരെ പ്ലാസ്റ്റിക്‌ ഉപയോഗം കുറയ്ക്കാനും,വലിച്ചെറിയരുതെന്നും പറഞ്ഞിട്ടുണ്ട്".

"ശരി ശരി, മോൻ പോയി അരക്കിലോ പഴം മേടിച്ചു വാ. "വഴിക്ക് വെച്ച് പച്ചക്കറിക്കട കണ്ട അച്ഛൻ നവീനോട് പറഞ്ഞു. പൈസയും മേടിച്ച് കടയിലേക്ക് ഓടി കടക്കാരനോട് പറഞ്ഞു. "ചേട്ടാ, അരക്കിലോ പഴം".പഴമെടുത്ത് തൂക്കി കവറിൽ ഇടാനായി നിന്ന കടക്കാരനോട് അവൻ പറഞ്ഞു. "ചേട്ടാ, കവർ വേണ്ട ഒരു പേപ്പറിൽ പൊതിഞ്ഞു തന്നാൽ മതി ".

പൊതിയുമായി വീടിലെത്തി ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ നവീൻ മുറ്റത്തെ മാവിൻചില്ലയിലിരുന്ന കാക്കയെ നോക്കി. അതിനു ശേഷം അവൻ എപ്പോഴും കാക്കയെ ശ്രദ്ധിക്കാറുണ്ട്. ഏതെങ്കിലും കാക്ക പ്ലാസ്റ്റിക്‌ തിന്നു തുടങ്ങിയോ എന്നറിയാൻ. ഇത് വരെ കണ്ടിട്ടില്ല. നിങ്ങൾ കണ്ടോ ?

ഇന്നു നീ, നാളെ അവൻ



വീടിനോടടുത്ത് ഒരു അരുവി ഒഴുകുന്നുണ്ടായിരുന്നു. അരുവി എന്നു വിളിക്കുന്നത് ചിലപ്പോൾ ഒരു തെറ്റായേക്കാം. ഒഴിവു സമയം അവിടെ പോയിരിക്കുക, അവന്റെ ഒരു സ്വഭാവമായിരുന്നു. നല്ല തെളിഞ്ഞ വെള്ളമാണെങ്കിലും അധികം ആരും കുടിക്കാൻ ഉപയോഗിക്കാറില്ല. കാരണം, ഇടക്കിടെ അതിലൂടെ പഴകിയ  സാധനങ്ങളും മറ്റും ഒഴുകി പോകാറുണ്ട്.

ഒരു ദിവസം അവൻ എന്തോ ഒഴുകി വരുന്നത് കണ്ട് ഞെട്ടിപ്പോയി. നേരം സന്ധ്യയോടടുത്തത് കൊണ്ട് വ്യക്തമായി ഒന്നും മനസ്സിലാകുന്നില്ല. അടുത്തെത്തിയപ്പോഴാണ് അത് ഒരു മനുഷ്യനാണെന്നു മനസ്സിലായത്. ഒരു വൃദ്ധൻ !! . സ്വല്പം സ്വല്പമായി അയാൾ നീന്തുന്നുമുണ്ട്. അത്ഭുതപ്പെട്ട് നോക്കി നിൽകുമ്പോൾ, അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു. "താങ്കൾക്ക് നീന്താൻ അറിയുമോ ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ പഠിച്ചു തുടങ്ങിക്കോളൂ.."

പവർ കട്ട്‌ ഒരു അനുഗ്രഹം

ജീവിതത്തിലെ സംഗർഷങ്ങൽ കൂടിക്കൂടി ആത്മഹത്യാ മുനമ്പിൽ എത്തി നിൽക്കുമ്പോഴാണ്, പവർ കട്ട് അവനു ഒരു അനുഗ്രഹമായത്. പവർ കട്ടിന്റെ സമയത്ത്, കുടുംബവുമായി ഇത്തിരി നേരം സംസാരിച്ചു ഇരുന്നത് മൂലം അവന്റെ സംഗര്ഷത്തിന്റെ കൂമ്പാരം ഒരു മഞ്ഞു മല പോലെ അലിഞ്ഞു ഇല്ലാതായി.