2020, മേയ് 19, ചൊവ്വാഴ്ച

ഒരു സബ്സ്ക്രിപ്ഷൻ കഥ

കടയിൽ നിന്ന് സാധനങ്ങൾ മേടിച്ചു തിരിച്ചു വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു അവൻ. മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുള്ള ചെറിയ പോക്കറ്റ് റോഡിലേക്ക് കയറി നടക്കുമ്പോഴാണ് ഒരു പൂച്ചയുടെ കരച്ചിൽ കേട്ടത്. ഒരു കുഞ്ഞി പൂച്ചയുടെ കരച്ചിൽ. ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു എവിടെ നിന്നാണ് ശബ്ദം വരുന്നതെന്ന് അന്വേഷിച്ചു. പോക്കറ്റ് റോഡിനരികെ വെള്ളം ഒഴുകി പോകാനുള്ള കാനയിൽ വീണ ഒരു കുഞ്ഞി പൂച്ചയുടെ കരച്ചിൽ ആണത്. കാണാൻ ചന്തമുള്ള ഒരു പൂച്ചക്കുട്ടി. പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു അവൻ ആ പൂച്ചക്കുട്ടിയുടെ വീഡിയോ എടുത്തു. ഇത്തിരി നേരം അവിടെ നിന്ന് പല തരത്തിൽ പൂച്ചയുടെ വീഡിയോ എടുത്തതിന് ശേഷം വീട്ടിലേക്ക് നടന്നു. വീട്ടിൽ എത്തിയ ശേഷം, ഇത്തിരി ദുഃഖഭാവമുള്ള ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചേർത്തു കൊണ്ട്, കണ്ടാൽ കരഞ്ഞു പോകുന്ന രീതിയിൽ ആ വീഡിയോ മാറ്റിയെടുത്തു. ഉടൻ തന്നെ, പല സോഷ്യൽ വെബ്സൈറ്റിലും അപ്‌ലോഡ് ചെയ്തു. #വ്ർരീഡ് #ലോൺലി #ഓർഫൻ.
കുറച്ചു മണിക്കൂറിനുള്ളിൽ തന്നെ ധാരാളം ലൈകും, ഷെയറും കിട്ടി ആ വീഡിയോ പലരും ശ്രദ്ധിച്ചു.
എന്തൊക്കെയോ നേടിയ സന്തോഷത്തിൽ അങ്ങിനെ ആ ദിവസം കടന്നു പോയി.
രണ്ടു മൂന്നു ദിവസം കഴിഞ്ഞു, അതേ വഴിയിലൂടെ നടന്നു പോകുമ്പോൾ, മൂക്കടപ്പിക്കുന്ന രീതിയിൽ ഉള്ള ദുർഗന്ധം ആ വഴിയിൽ ആകെ പരന്നിരിക്കുന്നു. മൂക്ക് പൊത്തി അവൻ കാനയുടെ അടുത്ത് പോയപ്പോൾ, മുൻപ് കണ്ട ആ കുഞ്ഞി പൂച്ച ചത്ത് കിടക്കുന്നു. കയ്യിൽ നിന്നും മൊബൈൽ എടുത്ത് അതിന്റെ ഒരു ഫോട്ടോ എടുത്ത് അവൻ അവിടെ നിന്നും വേഗത്തിൽ നടന്നകന്നു. കടയിലേക്ക് പോകും വഴി തന്നെ അവൻ ആ ഫോട്ടോ സോഷ്യൽ വെബ്‌സൈറ്റിൽ ഷെയർ ചെയ്തു. #RIP #പിറ്റി #മുനിസിപ്പാലിറ്റി #ക്ലീൻ.

പിന്നെ അവൻ സുഹൃത്തുക്കളുടെ പ്രതികരണത്തിനായി കാത്തിരുന്നു. ഒരു ലൈക്, പറ്റുമെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു ആ ബെല്ല് ഐക്കൺ കൂടി അമർത്തണേ..

2020, ഫെബ്രുവരി 3, തിങ്കളാഴ്‌ച

സുരക്ഷാചിന്ത

ഒരിക്കൽ അവർ പറഞ്ഞു സുരക്ഷാകാരണങ്ങളാൽ നിങ്ങൾ മുഖം മറക്കരുതെന്ന്.. ഇപ്പോൾ അവർ പറയുന്നു, സുരക്ഷാകാരണങ്ങളാൽ നിങ്ങൾ മുഖം മറക്കണമെന്ന്..
#നീറ്റ്‌  #നിപ്പ  #കൊറോണ 

2020, ജനുവരി 26, ഞായറാഴ്‌ച

കാക്കയും വവ്വാലും

ഇത് അടുത്ത് സംഭവിച്ച ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കൊച്ചിയിലെ പാവക്കുളം അമ്പലത്തിൽ വെച്ചുണ്ടായ വാക്ക് തർക്കത്തിൽ ഒരു സ്ത്രീ പറഞ്ഞ പ്രസ്താവന "ആ സ്ത്രീ സിന്ദൂരം തൊടുന്നത് അവർക്കുള്ള രണ്ടു പെണ്മക്കളെ 'കാക്ക'മാർ തൊടാതിരിക്കാൻ ആണെന്നാണ്. കാക്ക എന്നത് മലപ്പുറത്തെ മുസിലിംകളെ പൊതുവെയും, മൊത്തത്തിൽ മുസ്ലിംകളെയും വേദനിപ്പിക്കാതെ അഭിസംബോധന ചെയ്ത് പറയുന്നതാണ്. അത് തന്നെയായിരിക്കും ആ സ്ത്രീയും ഉദ്ദേശിച്ചിരിക്കുക.

മാപ്പിള കാക്കയെ നമുക്ക് ഇപ്പോൾ മറക്കാം. എന്നാൽ കാക്ക എന്ന പക്ഷി ആരാണ്? മാലിന്യങ്ങളിൽ നിന്നും സ്വന്തം ഭക്ഷണം കണ്ടെത്തുന്ന ഒരു പാവം ജീവി. ഒരു തരത്തിൽ മാലിന്യങ്ങൾ കുന്നു കൂടി പെരുകുന്നതിൽ നിന്നും പരിസ്ഥിതിയെ ഒരു പരിധി വരെ സംരക്ഷിക്കുന്ന ആൾ. ഇങ്ങിനെ മാലിന്യത്തിൽ നിന്ന് കിട്ടിയത് കഴിച്ചു ജീവിക്കുന്ന ആളാണെങ്കിലും പകർച്ചപ്പനി പരത്തുന്നതിൽ അങ്ങിനെ കാര്യം ആയൊന്നും റോൾ ഉള്ളതായി കേട്ടിട്ടില്ല. എന്നാൽ നിപ്പ പോലുള്ള പക്ഷികളിൽ നിന്ന് പകരുന്ന രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളെ വഹിച്ചു നടക്കുന്നത് വവ്വാൽ ആണെന്നാണ് പറയുന്നത്. തല കീഴായി തൂങ്ങി കിടക്കുന്ന, കണ്ണും കാണാത്ത, ശബ്ദം കേട്ട് വസ്തുക്കളെ മനസ്സിലാക്കി പറന്നു നടക്കുന്ന വവ്വാൽ. സാധാരണ കഴിക്കുന്നത് നല്ല പാകമായ ഫലങ്ങൾ.

വർഗ്ഗീയ വിഷം പേറി നടക്കുന്നവരെ നമുക്ക് ഈ വൈറസ് വവ്വാലുകളുമായി ഉപമിക്കാം. ശരിയായ വീക്ഷണം ഇല്ലാതെ, തല തിരിഞ്ഞ് കാര്യങ്ങളെ കാണുന്ന, അവിടുന്നും ഇവിടുന്നുമുള്ള കാര്യങ്ങൾ കേട്ട് തീരുമാനം എടുത്ത് സാഹോദര്യം തകര്‍ക്കുന്നവരുമായി നമുക്ക് ഈ വവ്വാലുകളെ ഉപമിക്കാം.