Sunday, February 21, 2016

ഒരു രാജ്യ സ്നേഹത്തിന്റെ കഥ

ഇന്റർവ്യൂവിനു പോയ മകനെ കാണാതായപ്പോൾ അന്വേഷിച്ചിറങ്ങിയതാണ് സന്തോഷ്‌ കുമാർ. ഇന്റർവ്യൂ നടന്ന സ്ഥലത്ത് പോയി നോക്കാം എന്ന് കരുതി അങ്ങോട്ട് നടന്നു.
ഓഫീസിന്റെ മുൻപിൽ എത്തി, അവിടെ ക്ലീനിംഗ് ചെയ്യുകയായിരുന്ന ആളോട് ചോദിച്ചു: "ഇന്റർവ്യൂ കഴിഞ്ഞോ?" . "

"അതെല്ലാം എപ്പഴേ കഴിഞ്ഞു. എന്ത് പറ്റി? നേരത്തെ വരണ്ടേ. അതുമല്ല, ഈ ജോലിക്ക് ചെറുപ്പക്കാരെയാണല്ലോ, ആവശ്യം !!" അയാൾ മറുപടി നൽകി.

"അതല്ല, എന്റെ മകൻ ഇവിടെ ഇന്റർവ്യൂവിനു വന്നിരുന്നു. പക്ഷെ തിരിച്ചു വീട്ടിലെത്തിയില്ല. അത് അന്വേഷിച്ചിറങ്ങിയതാണ്" അച്ഛൻ പറഞ്ഞു.

"എന്താ, മോന്റെ പേര്? അയാള് ചോദിച്ചു.

"മനുജൻ കുമാർ" അച്ഛൻ മറുപടി നൽകി.

"ആഹാ, ഇങ്ങടെ മോനാണല്ലേ, അവൻ. മക്കളെയൊക്കെ നന്നായി വളർത്തണേ. അല്ലെങ്കിൽ അച്ഛന്മാർ ഇങ്ങിനെയൊക്കെ അനുഭവിക്കേണ്ടി വരും. " ഇത്തിരി ഈർഷ്യത്തോടെ അയാൾ പറഞ്ഞു.

"എന്താ, എന്ത് പറ്റി?" അച്ഛൻ ചോദിച്ചു.

"അവനെ പോലീസ് പിടിച്ചോണ്ട് പോയി. ഇങ്ങളെ പോലെയുള്ളവരോടോന്നും സംസാരിക്കാൻ പാടില്ല. നിങ്ങൾ വേണമെങ്കിൽ, ആ പോലീസ് സ്റ്റേഷനിലെങ്ങാനും പോയി അന്വേഷിക്ക്" അതും പറഞ്ഞു അടിച്ചു വാരിയ വെയ്സ്റ്റും എടുത്ത് അയാൾ അകത്തേക്ക് കയറിപ്പോയി.

ഉള്ളിൽ ആധിയുമായി സന്തോഷ്‌ കുമാർ പോലീസ് സ്റ്റെഷനിലേക്ക് നടന്നു.

പോലീസ് സ്റ്റേഷൻറെ മുൻപിൽ എത്തിയ ആ അച്ഛൻ, അവിടെ പടി വാതിൽ നിന്നിരുന്ന പാറാവുകാരനോട് ചോദിച്ചു. "എസ് ഐ സാറുണ്ടോ, അകത്ത്?".

"എസ് ഐ സാറോ ? 'ആക്ഷൻ ഹീറോ ഷിജു' സാർ എന്നു പറയൂ. അങ്ങിനെ വിളിക്കുന്നതാണ് മൂപ്പര്ക്കിഷ്ടം. അകത്തുണ്ട്. പോയി സങ്കടം ബോധിപ്പിക്കൂ."

അച്ഛൻ അകത്തേക്ക്‌ കടന്നു.
വളരെ ശാന്തം. പോലീസ് സ്റ്റേഷൻ ആണെന്ന് പറയില്ല. ഒരു ജനകീയ പോലീസ് സ്റ്റേഷൻ !!

"കയറി വരൂ, ഇവിടെ ഇരിക്കൂ." ഷിജു സാർ ആ അച്ഛനോട് പറഞ്ഞു.( നോട്ട്: എഴുത്തിൻറെ സൗകര്യത്തിനു വേണ്ടി 'ആക്ഷൻ ഹീറോ' എന്നത് ഒഴിവാക്കുന്നു. വായനക്കാർ അത് ചേർത്ത് വായിക്കാനപേക്ഷ).

മുൻപിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്ന അച്ഛനോട് ഷിജു സാർ ചോദിച്ചു. "എന്താ പ്രോബ്ലം? ആകെ വിഷമിച്ചു കാണുന്നല്ലോ."

"പുതുതായി തുടങ്ങിയ സ്മാർട്ട്‌ സിറ്റിയിൽ  ഒരു പൊറാട്ട മെയ്ക്കർകുള്ള ജോബിന്റെ  ഇന്റർവ്യൂവിനു പോയതാ എന്റെ മോൻ. ഇന്റർവ്യൂ സമയം കഴിഞ്ഞും, മകൻ വീട്ടില് തിരിച്ചെത്താതായപ്പോൾ അന്വേഷിച്ചിറങ്ങിയതാ . പോലീസ് പിടിച്ചോണ്ട് പോയി എന്നാ, അവിടെ പോയി അന്വേഷിച്ചപ്പോൾ അറിഞ്ഞത്." അച്ഛൻ വിഷമം ബോധിപ്പിച്ചു.

"ഓഹോ, മനുജൻ കുമാറിന്റെ അച്ഛനാണോ നിങ്ങൾ ?" ഷിജു സാർ ചോദിച്ചു.

"അതെ. എന്താ അവൻ ചെയ്തത്? എന്തിനാ അവനെ നിങ്ങൾ പിടിച്ചോണ്ട് കൊണ്ട് വന്നത്? ". അച്ഛൻ മറുപടിയായി ചോദിച്ചു.

"ഓക്കേ മിസ്റ്റർ സന്തോഷ്‌ കുമാർ, മനുജനെതിരെ രാജ്യദ്രോഹകുറ്റം ആണ്, കംപ്ലൈന്റിൽ ഞങ്ങള്ക്ക് കിട്ടിയിട്ടുള്ളത്.  അത് കൊണ്ട് അറസ്റ്റ് ചെയ്ത് കൊണ്ട് പോന്നു". ഷിജു സാർ മാന്യമായി പറഞ്ഞു.

"അയ്യോ, രാജ്യദ്രോഹകുറ്റമൊ !!" ആ അച്ഛന്റെ ശബ്ദമിടറി.

"പേടിക്കണ്ട, ഇത് ഇപ്പൊ ഒരു ട്രെൻഡ് ആണ്. നിങ്ങൾ ഒരു കാര്യം ചെയ്യു. നിങ്ങൾ മകനോട് ഒന്ന് സംസാരിക്കൂ. അവൻ ആ സെല്ലിലുനണ്ട്. പിന്നെ ഒരു കാര്യം, ഞാൻ ആക്ഷൻ ഹീറോ ആയത് കൊണ്ടും, ഈ പോലീസ് സ്റ്റേഷൻ ഞാൻ നിർമിച്ച എന്റെ ആദ്യത്തെ സംരംഭം ആയത് കൊണ്ടും, ഞാൻ ഇവിടെ വരുന്നവരോട്  വളരെ മാന്യമായും, ജനകീയമായും ആണ് പെരുമാറുന്നത്.  അത് നിങ്ങൾ പരമാവധി എല്ലാരിലേക്കും എത്തിക്കണം." അതും പറഞ്ഞു ഷിജു സാർ സെല്ലിലേക്ക് കൈ ചൂണ്ടിക്കാണിച്ചു.

സെല്ലിലേക്ക് തിരിഞ്ഞു നോക്കിയ ആ അച്ഛന്റെ കൺ നിറഞ്ഞു. കസേരയിൽ നിന്നും മെല്ലെ എണീറ്റ്‌ മകനെ കാണാനായി സെല്ലിനടുത്തേക്ക് നടന്നു.

സെല്ലിൽ ഇതെല്ലാം കണ്ടു നോക്കി നിന്നിരുന്ന മകനോടായി അച്ഛൻ ചോദിച്ചു. " എന്താ മോനെ, ഞാൻ ഈ കേൾക്കുന്നത് ? നീ ഒരു രാജ്യദ്രോഹിയാണെന്നോ...!!
എന്താടാ, പറ്റിയത്? നീ ഇന്റർവ്യൂവിനു പോയതല്ലേ ? പിന്നെ എന്താ സംഭവിച്ചത്?".

"അച്ഛാ, അവൻ ചതിച്ചതാ.." മകൻ പറഞ്ഞു.

"ചതിയോ ? ആര് ചതിച്ചു ? എന്തിന് ? " അച്ഛൻ ചോദിച്ചു?

"ഞാൻ പറയാം. ഇന്റർവ്യൂ ഫസ്റ്റ് റൗണ്ട് മാവ് കുഴക്കലിലും , പൊറാട്ടയടിയിലും ഞാൻ ആയിരുന്നു മുൻ പന്തിയിൽ. രണ്ടാം റൗണ്ട് ഗ്രൂപ്പ്‌ ഡിസ്കഷനിൽ 'ബസിൽ സ്ത്രീകളുടെ സീറ്റ്‌ പിന്നിൽ ആക്കണോ' എന്നതായിരുന്നു വിഷയം. എന്തോ ഒരു പോയിന്റ്‌ ഞാൻ പറഞ്ഞത് അവൻ എതിർത്തു. അവിടുന്നാണ് ഈ പ്രശ്നമൊക്കെ തുടങ്ങിയത്."

"ആര് ?" ഫ്ലാഷ്ബാക്ക് പറയുന്നതിനിടെ അച്ഛൻ ഇടക്ക് കയറി ചോദിച്ചു.

"അവൻ, വൈധവ് ഗോസ്വാമി !!"

"ദൈവമേ, അവനോ..!! . എടാ, അവനോടൊക്കെ ആരെങ്കിലും എതിർത്ത് പറയുമോ ? പൂച്ചയെ ആനയാക്കുന്നവനല്ലേ അവൻ.. പോരാത്തതിന് ദേശസ്നേഹത്തിൽ സെർട്ടിഫികേഷൻ ഉള്ള ആളും..!! നിന്റെ പേര് മനുജൻ കുമാർ എന്നായത് ഭാഗ്യമായി. വല്ല ഉമറെന്നോ, മറ്റൊ ആയിരുന്നെങ്കിൽ അഡ്രസ്‌ വരെ അവൻ മാറ്റിയേനെ..!!"

"ഇനി എന്ത് ചെയ്യും അച്ഛാ ?" നിസ്സഹായനായി മകൻ ചോദിച്ചു.

"ഞാൻ ഷിജു സാറോടൊന്നു സംസാരിക്കട്ടെ" അതും പറഞ്ഞു അച്ഛൻ സാറിനടുത്തെക്ക് നടന്നു.

"ഷിജു സാറേ, ഞങ്ങൾ ഇനി എന്ത് ചെയ്യും?" അച്ഛൻ ചോദിച്ചു.

"സീ മിസ്റ്റർ സന്തോഷ്‌ കുമാർ, നിങ്ങളുടെ മകൻ മനുജൻ കുമാരിനെതിരെയുള്ള ആരോപണം ശക്തമല്ല. പോരാത്തതിന്, വൈധവ് ഗോസ്വമിക്ക് ആ പൊറാട്ടയടി ജോലി കിട്ടിയത് കൊണ്ട്, അയാളും ഇതിന്റെ പിന്നിൽ നടക്കില്ല. അത് കൊണ്ട്, കേസ് ഞാൻ രജിസ്റ്റർ ചെയ്യുന്നില്ല. മാത്രമല്ല രജിസ്റ്റർ ചെയ്‌താൽ, പിന്നെ നിങ്ങള്ക്ക് കേസ് വാദിക്കാൻ പോലും കോടതിയിൽ കയറാൻ 'ദേശസ്നേഹികൾ' സമ്മതിക്കില്ല. അതിനാൽ, നിങ്ങൾ ഒരു കാര്യം ചെയ്യൂ. വില്ലേജ് ഓഫീസിൽ നിന്നു ഒരു ദേശസ്നേഹി സെർട്ടിഫികറ്റും, ഒരു നോൺ തീവ്രവാദി സെർട്ടിഫികറ്റും ശരിയാക്കി കൊണ്ടു വാ.. ബാക്കി കാര്യം ഈ ആക്ഷൻ ഹീറോ ഷിജു നോക്കിക്കോളാം."

ഷിജു സാർ പറഞ്ഞതും കെട്ട് തിരിച്ച്  പോകാനായി നിന്ന അച്ഛനെ മനുജൻ മാടി വിളിച്ചു. സെല്ലിനടുതെത്തിയ അച്ഛനോട് അവൻ പറഞ്ഞു. "ഇനി ഇതിനു കുറെ പൈസ ഇറക്കേണ്ടി വരുമോ?"

"ഏയ്‌, ഇപ്പൊ പൈസ ആയി ഒന്നും മേടിക്കാറില്ല. മെയ്‌ക് ഇൻ ഇന്ത്യയുടെ എന്തേലും പ്രോഡക്റ്റ് മേടിക്കേണ്ടി വരും, അല്ലേൽ ആ താടിക്കാരൻ യോഗിയുടെ പറ്റിക്കലന്ജലി പ്രൊഡക്റ്റൊ മറ്റൊ...!! പറിക്കലന്ജലിയുടെ നൂഡിൽസ് മേടിക്കാം. പൈസേം കുറവാണ്. പശുവിനോ, കോഴിക്കോ കൊടുക്കേം ചെയ്യാം.., നീ അതൊന്നും ആലോചിച്ച് വിഷമിക്കണ്ട.. എല്ലാം ശരിയാക്കി ഞാൻ വേഗം വരാം." അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ പോയ അച്ഛനോട് മകൻ പറഞ്ഞു.
"നൂഡിൽസ് പശുവിനു കൊടുക്കണ്ട. ഇനി അത് കഴിച്ച് പശുവിനു എന്തേലും പറ്റി കഴിഞ്ഞാൽ, വീണ്ടും ദേശസ്നേഹികൾ വരും, അവർ വന്നു നമ്മെ തല്ലിക്കൊല്ലും.."

ചെറുതായൊന്നു മൂളി അച്ഛൻ സെർട്ടിഫിക്കറ്റിനു വേണ്ടി വില്ലേജ് ആഫീസിലെക്ക് നടന്നു.

No comments:

Post a Comment